കഴിഞ്ഞോ?....
കഴിഞ്ഞെങ്കില്‍ എഴുന്നേറ്റോളൂ ....
ശബ്ദത്തിന്റെ ഗാംഭീര്യം കൊണ്ടോ, പരിചയം കൊണ്ടോ പെട്ടെന്ന് ശരീരത്തിലൂടെ ഒരു മിന്നല്‍ കടന്നു പോയി.
മനസ്സിലൂടെ കഴിഞ്ഞു പോയ കുറച്ച് നേരം പതിയെ കടന്നു വന്നു...
രംഗം 1
കോളേജിലെ ഏറ്റവും മനോഹരമായ, സകല കുരുത്തക്കേടുകളുടെയും അടിച്ചു പൊളിയുടെയും പ്രീ ഡിഗ്രി എന്ന രണ്ടു വര്‍ഷക്കാലം...
അസ്മാബി കോളേജിലെ ഒരു ഉച്ച നേരം..."നോട്ടി ഗ്യാങ്ങ്" എന്നറിയപ്പെട്ടിരുന്ന നാലുപേരുടെ കൂട്ടായ്മ. താജു, മണിലാല്‍, ഷാജി പിന്നെ എല്ലാ കുരുത്തക്കേടുകള്‍ക്കും ഒപ്പം നില്‍ക്കുകയും അവസാനം എല്ലാവരുടെയും പഴി ഒറ്റയ്ക്ക് ഏല്‍ക്കേണ്ടി വരുകയും ചെയ്തിരുന്ന ഈ പാവം ഞാനും.
പതിവുപോലെ അന്നും ഏതെങ്കിലും ഒരു ഒന്നാംവര്‍ഷ പുതുമുഖം വലയില്‍ വീഴുന്നതും കാത്ത് ഞങ്ങള്‍ ആ കാറ്റാടി മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. എല്ലാവരുടെയും കൈയ്യില്‍ പൈസയുണ്ടെങ്കിലും, പുതുമുഖങ്ങളുടെ കീശയില്‍ നിന്നു കൈയ്യിട്ടു വാരി അതുകൊണ്ടു ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം....... ഹൊ പറഞ്ഞറിയിക്കന്‍ വയ്യ....
അന്നെന്താണെന്നറിയില്ല .. നിരാശയായിരുന്നു ഫലം. വല കെട്ടിയ സമയം വെറുതെ പോയി എന്നതൊഴിച്ചല്‍ വേറെ ഒരു ഗുണവും കിട്ടിയില്ല.
അവസാനം എല്ലാവരും കൂടി ഒരു തിരുമാനം എടുത്തു, അവനവന്റെ കൈയ്യിലെ കാശെടുത്തു ഭക്ഷണം കഴിക്കാം എന്ന്. അപ്പോഴാണ് കൂട്ടത്തിലെ തലമുതിര്‍ന്ന അംഗമായ മണിലാലിന്റെ പുതിയ ഒരു ഐഡിയ വന്നത്. എന്തായാലും സ്വന്തം കൈയ്യിലെ പൈസ ചിലവാക്കണം, എന്നാല്‍ പിന്നെ കുറച്ച് എരിവും പുളിവും ഉള്ള ഭക്ഷണം കഴിച്ചുകൂടെ എന്ന്.
അങ്ങിനെ ഒരാളുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തില്‍ ഞങ്ങള്‍ എല്ലാവരും കൂടി നേരെ നൂറു മീറ്റര്‍ അകലെയുള്ള കള്ളുഷാപ്പിലേക്കു നടന്നു. അവിടെ എത്തി ഊണിന് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ പിന്നെ മറ്റൊരു ഐഡിയ... ഓരോ കുപ്പി കള്ളുകൂടി പറഞ്ഞാലോ എന്ന്. അന്ന് ഞാന്‍ കള്ളുകുടി തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് ഒരു കടല റോസ്റ്റ് പറഞ്ഞു.
വര്‍ത്തമാനം പറഞ്ഞ് കള്ളുകുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു ഐഡിയ തോന്നിയത്. കള്ളുകുടിയും ഭക്ഷണവും കഴിഞ്ഞ് നേരേ എറ്റവും പുതിയ റിലീസ് പടത്തിനു പോയാലോ എന്ന്. അങ്ങിനെ അതും തിരുമാനിക്കപ്പെട്ടു. എന്തായാലും മൂന്ന് മണിക്കൂര്‍ വെറുതെ ഇരിക്കേണ്ടി വരുന്നതു കൊണ്ട് അവര്‍ പിന്നെയും ഓരോ കുപ്പിയും കൂടി ഓര്‍ഡര്‍ കൊടുത്തു.
അതും തീര്‍ത്ത് ഭക്ഷണവും കഴിച്ചു കഴിഞ്ഞപ്പോഴാണ് ആദ്യം പറഞ്ഞ "കഴിഞ്ഞോ" എന്ന ചോദ്യം.
നോക്കുമ്പോള്‍ ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ വടിപോലെ പിന്നില്‍ നില്‍ക്കുന്നു. എന്റെ അതുവരെ ഉണ്ടായിരുന്ന സകല ആവേശവും കെട്ടടങ്ങി. മറ്റുള്ളവര്‍ കുടിച്ച കള്ളിന്റെ കിക്കെല്ലാം പോയി എന്നെപ്പോലെ തന്നെ മുഖമൊക്കെ വിളറിവെളുത്ത് നില്‍ക്കുകയാണ്.
കാശെല്ലാം കൊടുത്ത് വേഗം വാ എന്നു പറയുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ പ്രിന്‍സിപ്പാളിന്റെ പുറകെ കൂടി. അപ്പോഴേക്കും ഉച്ചയിലെ ക്ലാസ്സ് തുടങ്ങിയിരുന്നു. ഞങ്ങളെ നേരെ ക്ലാസ്സിലേക്കു കൊണ്ടുപോയി. പുറത്ത് കറങ്ങി നടക്കുകയായിരുന്നു, കയറ്റിയിരുത്തിക്കൊള്ളൂ എന്ന് പറഞ്ഞതു കൊണ്ട് ലക്ചര്‍ ഒന്നും പറയാതെ ഞങ്ങളെ കയറ്റിയിരുത്തി.
അര മണിക്കൂര്‍ കഴിയുന്നതിനു മുന്‍പേ പ്യൂണ്‍ വന്നു പറഞ്ഞു എന്നെ പ്രിന്‍സിപ്പാള്‍ വിളിക്കുന്നു എന്ന്. സത്യത്തില്‍ ആ സമയത്ത് കാലിനടിയില്‍ നിന്ന് എന്തോ ഒരു സാധനം മുകളിലേക്ക് കയറിപ്പോയി. വിയര്‍ത്ത് വിളറി പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് കയറിച്ചെല്ലുമ്പോള്‍ അദ്ദേഹം എന്നെ കാത്തിരിക്കുന്നതുപോലെയായിരുന്നു.
എന്തായിരിക്കും ആദ്യം ചോദിക്കുക എന്ന് പേടിച്ചിരുന്ന എന്നോട് ആദ്യം ചോദിച്ചത് "എന്തിനാണ് അവിടെ പോയത്" എന്നായിരുന്നു. ഞാന്‍ പറഞ്ഞു ഭക്ഷണം കഴിക്കാനാണെന്ന്. ഉടനെ വന്നു അടുത്ത ചോദ്യം "കോളേജിനു മുന്‍പില്‍ ഉള്ള രണ്ടു ഹോട്ടലിലും ഇന്നെന്തെ ഊണ്‍ ഉണ്ടായിരുന്നില്ലെ" എന്ന്. നല്ല കടലക്കറി കിട്ടുന്നതു കൊണ്ടാണ് അവിടെ പോയത് എന്ന് ഞാന്‍ പറഞ്ഞു. "താന്‍ അവിടെ പോയത് നല്ല കടലക്കറി കഴിക്കാനാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ" എന്ന ചോദ്യത്തിനു മറുപടി പറയാന്‍ എനിക്കു വാക്കുകള്‍ ഉണ്ടായിരുന്നില്ല.
ഒന്നും മിണ്ടാതെ നിന്നപ്പോഴാണ് അടുത്ത സത്യം പറഞ്ഞത്. കുറെനേരം ഞങ്ങളുടെ കള്ളുഷാപ്പിലെ പ്രകടനം നോക്കിനിന്നതിനു ശേഷമാണത്രെ വിളിച്ചത്. "തനിക്ക് എപ്പോഴെങ്കിലും ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോള്‍ എന്റെ അക്കൗണ്ടില്‍ കഴിച്ച് കൊള്ളൂ" എന്ന് അവസാനം ഒരു ഉപദേശവും.
കോളേജ് ലൈഫിലെ മറ്റാരെയൊക്കെ ഞാന്‍ മറന്നാലും എന്റെ പ്രിന്‍സിപ്പാളിനെ ഞാന്‍ മറക്കില്ല.


1 Comments:
saify...good post..always memories about campus and school, refreshes us..esp..when we are away from our homeland..
keep writing...
Post a Comment
<< Home