മോനെന്താണ് പോത്തിന് വെടികൊണ്ടത് പോലെ ഇങ്ങിനെ നടക്കുന്നത്??.
ഒരേയൊരു പെങ്ങളുടെ ചോദ്യം ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു...
അന്നൊരു ശനിയാഴ്ചയായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് എഴുന്നേറ്റപ്പോള്‍ നേരം വൈകി. ഉമ്മയോട് ഒരു ചായക്ക് ഓര്‍ഡര്‍ കൊടുത്ത ശേഷം, പല്ലുതേച്ച് മുഖം കഴുകി നേരെ അടുക്കളയിലേക്ക് ചെന്നു. എന്റെ കടുപ്പവും, ചൂടും അറിയാവുന്ന ഉമ്മ പതുക്കെ ചായ ആറ്റിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ ചെല്ലുമ്പോള്‍.
കുറേശ്ശെ കുറേശ്ശെയായി ചായ കുടിച്ചുകൊണ്ടിരുന്ന ഞാന്‍ വെറുതെയാണ് ഉമ്മയുടെയും, പെങ്ങളുടെയും, അനിയന്റെയും മുഖത്തെക്ക് നോക്കിയത്. പെട്ടെന്നാണ് ഒരു സംശയം തോന്നിയത്... മൂന്നു പേരുടേയും മുഖത്ത് ഒരു ഗൂഢ മന്ദസ്മിതം തങ്ങിനില്‍ക്കുന്നുണ്ടോ എന്ന്. എന്താണതിന്റെ കാരണം എന്നറിയില്ലെങ്കിലും ഒന്നും ചോദിക്കാന്‍ നിന്നില്ല.
ചായ കുടിയെല്ലാം കഴിഞ്ഞ് നേരെ എന്റെ മുറിയിലേക്ക് നടന്നു. സിഗരറ്റ് വലി തുടങ്ങിയ സമയമായതു കൊണ്ട് ഡോക്ടറുടെ ഉപദേശ പ്രകാരം എന്ന പോലെ ദിവസവും മൂന്നു നേരം ഓരോ സിഗററ്റ് വെച്ച് വലിക്കുമായിരുന്നു. കാലത്ത് ചായ കുടിച്ചതിനു ശേഷം ഒരെണ്ണം, ഉച്ചയൂണിനു ശേഷം ഒരെണ്ണം പിന്നെ അത്താഴത്തിനു ശേഷം ഒരെണ്ണം.
എന്നും രാത്രി ചെയ്യാറുള്ളതു പോലെ തലേദിവസം രാത്രിയും കൂട്ടുകാരുടെ അടുത്തു നിന്ന് പിരിയുമ്പോള്‍ ഒരു സിഗററ്റ് വാങ്ങി ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇട്ടിരുന്നു. കാത്തുവെച്ചിരുന്ന സിഗററ്റ് എടുക്കുക, നേരെ ബാത്‌റൂമില്‍ പോയി കാര്യം നടത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു മുറിയിലേക്ക് കയറിയത്.
പക്ഷെ......
ഹാംഗറിലേക്ക് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. ഇന്നലെ രാത്രി ഇട്ടിരുന്ന ഷര്‍ട്ട് അവിടെ കാണാനില്ല. കഴിയാവുന്ന സ്ഥലം മുഴുവനും പരതിയിട്ടും അതു മാത്രം കാണാനുണ്ടായിരുന്നില്ല. അപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി. പല്ലുതേക്കുവാന്‍ പോയ സമയത്ത് ഉമ്മ അത് അലക്കുവാന്‍ എടുത്തിരിക്കുന്നു. സിഗററ്റ് നശിച്ചു പോകുന്നതിനെക്കാള്‍, അതറിഞ്ഞാല്‍ വീട്ടില്‍ ഉണ്ടാകുന്ന കുഴപ്പം ആലോചിച്ചായിരുന്നു എന്റെ ടെന്‍ഷന്‍.
കുറച്ച് നേരത്തേക്ക് മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുവാന്‍ തന്നെ മടിയായിരുന്നു. പിന്നെ പതുക്കെ അലക്കുവാന്‍ വെച്ചിരിക്കുന്ന തുണികളുടെ അടുത്തേക്ക് നടന്നു. അതിനിടയില്‍ കച്ചിത്തുമ്പ് പോലെ എന്റെ ഷര്‍ട്ടിന്റെ കോളറിന്റെ ഒരു ഭാഗം പൊങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. ചുറ്റുപാടും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പതുക്കെ ഷര്‍ട്ടെടുത്ത് പോക്കറ്റിലേക്ക് നോക്കി.
ഇല്ല.....
ഞാന്‍ അന്വേഷിക്കുന്ന സാധനം പോയിട്ട് അതിന്റെ തരി പോലും അതിലില്ല. ഉണ്ടായിരുന്ന മുഴുവന്‍ പ്രതീക്ഷയും അസ്തമിച്ചപ്പോള്‍ കാലിന്റെ അടിയില്‍ നിന്നൊരു പെരുപ്പ് മുകളിലേക്ക് പതുക്കെ അരിച്ചു കയറുവാന്‍ തുടങ്ങി. ഭയവും, സങ്കടവും കൊണ്ട് പതിവിലും അധികം വിയര്‍ക്കാനും തുടങ്ങി.
എന്നും വീട്ടുകാരുടെ ഇടയില്‍ നല്ലവനായിരുന്ന എന്റെ സകല ഇമേജും ഈ ഒരു സിഗററ്റിന്റെ പേരില്‍ കുളമാകുമല്ലോ എന്ന് ചിന്തിച്ചപ്പോഴായിരുന്നു കൂടുതല്‍ വിഷമം. ശരിക്കും പറഞ്ഞാല്‍ നടുക്കടലില്‍പ്പെട്ട ഒരാളുടെ അവസ്ഥയിലായിരുന്നു ഞാനപ്പോള്‍.
എന്തു ചെയ്യണം എന്നറിയാതെ എന്റെ മുറിയിലേക്ക് നടന്നപ്പോഴായിരുന്നു പെങ്ങളുടെ ചോദ്യം "മോനെന്താണ് പോത്തിന് വെടികൊണ്ടത് പോലെ ഇങ്ങിനെ നടക്കുന്നത്??" എന്ന്.
ഒന്നും മിണ്ടാന്‍ നില്‍ക്കാതെ പതുക്കെ മുറിയിലേക്ക് നടക്കുന്ന വഴിയില്‍ ചെന്ന് പെട്ടത് വാപ്പയുടെ മുന്‍പില്‍. വാപ്പ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ കളവ് കണ്ടുപിടിച്ച കുട്ടിയുടെ നിഷ്കളങ്കതയോടെ ഞാന്‍ നിലത്തേക്ക് നോക്കി നിന്നു. എന്തു പറ്റി എന്ന ചോദ്യത്തിന് ചുമല്‍ കുലുക്കി ഒന്നും ഇല്ല എന്ന് മറുപടി പറഞ്ഞ് നടന്ന എന്നെ വാപ്പ പിന്നില്‍ നിന്ന് വിളിച്ചു.
"നിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ഉമ്മാക്ക് കിട്ടിയ സാധനം ഞാനെടുത്ത് മേശപ്പുറത്ത് വെച്ചിട്ടുണ്ട്. അതെടുത്തു കൊള്ളൂ" എന്ന് പറഞ്ഞ് വാപ്പ നടന്നു പോയി. അനങ്ങാന്‍ കഴിയാതെ തറഞ്ഞ് നിന്ന എന്റെ കണ്ണില്‍ നിന്ന് ഞാന്‍ പോലും അറിയാതെ രണ്ട് തുള്ളി കണ്ണുനീര്‍ തറയില്‍ വീണ് ചിതറി.
വാപ്പ എന്നെ തല്ലിയിരുന്നെങ്കിലോ, കുറെ ചീത്ത പറഞ്ഞിരുന്നെങ്കിലോ എനിക്കിത്രയും സങ്കടം ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഇത്.....
അല്ലെങ്കിലും വാപ്പ അങ്ങിനെയായിരുന്നു. വേണ്ട കാര്യങ്ങള്‍ക്ക് അല്ല, വേണ്ടാത്തതിനായിരുന്നു എന്നും വഴക്ക് കേട്ടിരുന്നത്.
എന്തായാലും അന്നുമുതല്‍ വലി നിറുത്തണം എന്ന് കരുതിയതാണ്.
പക്ഷെ.....
നിഷേധിച്ച കാര്യങ്ങള്‍ ചെയ്യുവാനുള്ള മനുഷ്യന്റെ എന്നത്തേയും ആഗ്രഹം പോലെ പൂര്‍വാധികം ശക്തിയോടെ ഇന്നും വലിക്കുന്നു.


3 Comments:
സൈഫി, അതു പറഞ്ഞാല്‍ പറ്റില്ല, ഇനി വലി നിര്‍ത്തൂ. പുകവലി ആരോഗ്യത്തിനു ഹാനികരം എന്നു കേട്ടിട്ടില്ലേ?
പിന്മൊഴികളിലേക്കു കമന്റ് പോകാന്‍ സെറ്റിംഗ്സ് ചെയ്തിട്ടില്ലല്ലേ? ആരിഫ് മാഷിനോടു ചോദിച്ചാല്‍ പറയും.
മകനെ നീ വലി നിര്‍ത്തുമ്പോ ഒന്നു പറഞ്ഞു തരൂ,ആ techniq'.പൂര്‍വ്വാധികം ശക്തിയോടുകൂടി ഒരു വലിക്കാരന്‍ ഇവിടെ ഉണ്ട്, എനിക്കു ക്യാന്‍സര്‍ വരും, വേറെ ഒന്നും വന്നില്ലെങ്കി????
അന്നെങ്കിലും നിര്‍തീന്‍ഡതായിരുന്നു, മഹാപാപീ.
Post a Comment
<< Home